കയ്റോ: ഈജിപ്തിലെ പ്രമുഖ ടെലിവിഷൻ അവതാരക സാറാ ഖലീഫയ്ക്ക് മയക്കുമരുന്നു കേസിൽ വധശിക്ഷ. വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് മയക്കുമരുന്ന് ഉത്പാദിപ്പിച്ച് വിറ്റിരുന്ന ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു സാറ എന്നാണ് കോടതിയിൽ തെളിഞ്ഞത്.
കേസിൽ മറ്റ് 11 പേർക്കു കൂടി വധശിക്ഷയുണ്ട്. ഒന്പതു പേർക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു.
39 വയസുള്ള സാറ, അൽ മഹർ എന്ന ടിവി ചാനലിലാണ് പ്രവർത്തിച്ചിരുന്നത്. ക്രിമിനൽ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന ‘മിഷൻ ഇംപോസിബിൽ’ എന്ന പരിപാടിയിലൂടെ ജനപ്രിയ താരമായി.
കേസുമായി ബന്ധപ്പെട്ട റെയ്ഡുകളിൽ 750 കിലോ മയക്കുമരുന്നും ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുംെ പിടിച്ചെടുത്തിരുന്നു.
കോടതി കഴിഞ്ഞ മാസമാണ് സാറയ്ക്കും കൂട്ടാളികൾക്കും ശിക്ഷ വിധിച്ചത്. ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് വധശിക്ഷാ വിധി പുറത്തുവിട്ടത്.